Pages

Tuesday 2 July 2013

നന്മയാണ് ദൈവം

നീയറിയുന്നു 'ഞാനാണ്' ദൈവം
ഞാനറിയുന്നു 'നീയാണ്' ദൈവം
നമ്മളറിയുന്നു നമ്മളിലെ
'നന്മയാണ്' ദൈവം

:കവിത

Friday 3 May 2013

ആദ്യപ്രണയം

പ്രണയം അത് വല്ലാത്തൊരു അനുഭൂതിയാണ്. ചിലർക്കൊകെ അതിന്റെ സുഖം അറിയുമായിരിക്കും, ചിലർക്ക് അങ്ങനെ ഒരു സംഭവമെ അറിയില്ലായിരിക്കും. ഞാനും അങ്ങനെയായിരുന്നു കഴിഞ്ഞ ആഴ്ച വരെ, അവളെ പരിചയപ്പെടുന്നത് വരെ, എനിക്കുമറിയില്ലായിരുന്നു ആ ഒരു അനുഭൂതി. പക്ഷേ, ഇപ്പോളറിയാം അതിന്റെ സുഖം.

ഇന്ന് രാവിലെയാണ് അവൾ വിളിച്ചത്..എന്റെ സുന്ദരിക്കുട്ടി...പ്രതീക്ഷകൾ വിട്ട് ഞാൻ എന്റെ തിരക്കിട്ട ജോലികളിലായിരുന്നു. എന്റെ ജീവൻ തിരിച്ചു നല്കിയത് പോലെയായിരുന്നു ആ കോൾ.
അതു വന്ന വഴി ഞാനിവിടെപ്പറയാം.
+2 വരെ ഞാനൊരു പഠിത്തകുട്ടിയായിരുന്നു. മറ്റു കാര്യങ്ങളൊന്നും ഞാൻ ശ്രദ്ധിക്കാറില്ലായിരുന്നു, മറ്റു കാര്യങ്ങൾ എന്നുദ്ദേശിച്ചത് പെണ്ണിന്റെയും പ്രണയത്തിന്റെയും കാര്യമാണ്. പക്ഷേ, എന്റെ ഫ്രെണ്ട്സ് നേരെ മറിച്ചായിരുന്നു അവരൊക്കെ ബിസിയായിരുന്നു അവരുടെയൊക്കെ  ലവേർസുമൊത്ത്.
നേരത്തെ പറഞ്ഞല്ലോ ഞാനൊരു പഠിത്ത കുട്ടിയയിരുന്നെന്നു, അതുകൊണ്ട് തന്നെ എനിക്ക് ആരാധകർ വളരെയേറെയായിരുന്നു, കൂടുതലും പെണ്‍കുട്ടികൾ. അവർ സംശയങ്ങൾ ചോദിക്കുവാനും മറ്റും എന്റെയടുത്ത് വരികയും, വളരെ നേരം കൂടെയിരിക്കുകയും ചെയ്യുമായിരുന്നു. ഇത് ചിലർക്കൊകെ എന്നോട് അസൂയ ഉണ്ടാക്കുവാൻ ഇടയാക്കിയിട്ടുണ്ട് പലരും എന്നോട് പറഞ്ഞിട്ടുമുണ്ട്  'നിന്റെയൊക്കെ ഭാഗ്യമെന്നു'. പക്ഷേ, അതൊക്കെ ഒരു തമാശയായിട്ടെ ഞാൻ  എടുത്തിരുന്നുള്ളൂ. കാരണം മറ്റൊന്നല്ല ഞാൻ ആ വിഷയങ്ങളിൽ അത്ര തല്പരനായിരുന്നില്ല എന്നത് തന്നെ. എങ്കിലും ചങ്ങാതിമാരുടെ ഈ പറച്ചിലുകൾ എന്നിൽ ചില മാറ്റങ്ങൾ ഉണ്ടാക്കി എന്നുള്ളത് സത്യമായിരുന്നു. കാര്യം, ഇവരുടെ പറച്ചിലുകൾക്ക് എന്റെ മനസ്സിൽ കയറിക്കൂടിയതിനു ശേഷം പെണ്‍കുട്ടികൾ അടുത്ത് വന്നിരിക്കുമ്പോൾ എനിക്ക് ചില അസ്വസ്ഥതകൾ ഉണ്ടാകുമായിരുന്നു. പക്ഷേ എനിക്കത് മനസ്സിലാവുന്നത് എന്റെ കോളേജ് പഠനകാലത്താണെന്ന് മാത്രം. ആ അസ്വസ്ഥതകൾ ഒരിക്കൽ പോലും പ്രണയമായി മാറിയിരുന്നില്ല, അസ്വസ്ഥതകൾ അസ്വസ്ഥതകൾ മാത്രമായിരുന്നു, മറ്റുള്ളവർ (ചങ്ങാതിമാർ) കണ്ടാൽ എന്ത് പറയും എന്നുള്ള അസ്വസ്ഥത മാത്രം.
ഇത് എന്റെ സ്കൂൾ കാലഘട്ടത്തിലെ ചെറിയൊരു വേദന മാത്രമാണ്. വേറെയും കുറെയേറെ സംഭവങ്ങൾ ആ കാലഘട്ടത്തിൽ നടന്നിട്ടുണ്ട് രാഷ്ട്രീയം,കളി,ടൂർ അങ്ങനെ വളരെയേറെ. ഇപ്പോൾ പക്ഷേ ഞാൻ പറയുന്നത് എന്റെ പ്രണയമാണ്, അതിന്റെ ഏറ്റവും നല്ല തുടക്കം എന്റെ ഈ +2 ജീവിതമല്ലാതെ മറ്റെന്താണ്, അല്ലേ. ബാക്കി രാഷ്ട്രീയവും മറ്റുമൊക്കെ പിന്നെപ്പോഴെങ്കിലും സംസാരിക്കാം.
+2 കഴിഞ്ഞ് കോളേജിൽ ചേർന്നു. പഠിത്തവും, ക്ളാസിൽ കയറലുമൊക്കെ പഴംകഥയായി. അതിനിടയിൽ സ്കൂൾ പഠനകാലത്തു ആരംഭിച്ച രാഷ്ട്രീയം തലയിൽ അതിശക്തമായി വേരുറപ്പിച്ചിരുന്നു. 1st ഇയറിൽ തന്നെ കോളേജിൽ അറിയപ്പെടുന്ന നേതാക്കന്മാരായി ഞാനും എന്റെ ഫ്രെണ്ട്സും മാറി. നമ്മളറിയാതെ തന്നെ നമ്മളിൽ  പല ഉത്തരവാദിത്വങ്ങളും അടിച്ചേല്പ്പിക്കപെട്ടു. മറ്റ് ഒരു കാര്യങ്ങളിലും ശ്രദ്ധിക്കാൻ പറ്റാത്ത അവസ്ഥ, പഠിത്തത്തിൽ പോലും. പലപ്പോഴും താമസം കോളേജിൽ തന്നെയായിരുന്നു.
പക്ഷേ, 2nd ഇയറിൽ കാര്യങ്ങൾ മാറിമറിഞ്ഞു. അധികാരം ഞങ്ങളിൽ വന്നു എന്ന് തന്നെ പറയാം. കോളേജിൽ, ഞങ്ങൾ തന്നെ ഏറ്റവും വലിയവരായി. മിക്കപ്പോഴും അടിയും സമരവും. പിന്തുണയുമായി സംഘടന എല്ലായ്പ്പോഴും പുറകിലുണ്ടായിരുന്നു. അത് തന്നെയായിരുന്നു ഞങ്ങളുടെ ബലവും. പിന്നെപ്പിന്നെ അടികൾക്ക് മാത്രമായി ഞങ്ങൾ ഒതുങ്ങികൂടി. മറ്റുള്ള കാര്യങ്ങൾ, സംഘടനാ പ്രവർത്തനവും മറ്റും, ജുനിയർ നേതാക്കന്മാർക്കു വിട്ടു കൊടുത്തു. ഞങ്ങൾ അങ്ങനെ ചെറുതായൊന്നു ഫ്രീ ആയി. പക്ഷേ, അപ്പോൾ പോലും, ഞങ്ങൾ ക്ളാസ്സിൽ കയറാൻ താല്പ്പര്യപ്പെട്ടില്ല. അക്കാര്യത്തിൽ ഞങ്ങൾ ഇപ്പോഴും സങ്കടപെടുന്നു, നഷ്ട ബോധമില്ലെങ്കിൽ പോലും.
3rd ഇയറിൽ ആണ് ഞങ്ങൾ ഫ്രെണ്ട്സ് ആ ഒരു തീരുമാനം കൈകൊള്ളുന്നത്‌...., വിരസമായിരിക്കുന്ന ഞങ്ങളുടെ മൂന്നാം വർഷം എന്തുകൊണ്ട് നമുക്ക് പ്രണയം കൊണ്ട് രസകരമാക്കികൂടാ. എല്ലാ സായന്തനങ്ങളിലും കൂടാറുള്ള മരത്തിന്റെ തണലിലിരുന്നാണ് ഞങ്ങൾ ഈ തീരുമാനമെടുത്തത് . അതുകൊണ്ട് തന്നെ ഈ തീരുമാനത്തിന് ഇത്തിരി തണുപ്പും, പശ്ചിമഘട്ടത്തിൽ നിന്നും വീശിയെറങ്ങുന്ന ഇളം കാറ്റിന്റെ കുളിരുമുണ്ടായിരുന്നു.
പിറ്റെന്നു തന്നെ ഞങ്ങൾ ലവർ ഹണ്ടിംഗ് ആരംഭിച്ചു. ഒരു പാടലഞ്ഞു..ഒരു പാട് കഷട്ടപ്പെട്ടു..മ്ഹും..എവിടെയും കിട്ടിയില്ല..ഒരു ഡിപ്പാർട്ടുമെന്റിലും പ്രതീക്ഷിച്ച പോലൊരു സ്വീകരണം ഞങ്ങൾക്ക് ലഭിച്ചില്ല ..ഫ്രെഷെർസിൽ നിന്നും പോലും...(ഞങ്ങൾക്ക് അല്ല എനിക്ക്, ചില ഫ്രെണ്ട്സ് ഒക്കെ അപ്പോഴേക്കും അവരുടെ വേട്ടയിൽ വിജയിച്ചിരുന്നു). എനിക്ക് മടുത്തിരുന്നു..കാണാൻ കൊള്ളാവുന്ന പെണ്‍കുട്ടികളുണ്ടായിരുന്നു..പക്ഷേ, മനസ്സിന്  പിടിച്ച ഒരു പെണ്ണിനേയും എവിടെയും കാണാൻ പറ്റിയില്ല. അതുകൊണ്ട് എന്റെ വേട്ട ഞാൻ അവിടെ വെച്ച് നിർത്തി. എന്റെ കൂടെ മറ്റൊരു ചങ്ങാതിയും ഉണ്ടായിരുന്നു എന്നെപോലെതന്നെ..അവനും മടുത്തിരുന്നു. ഞങ്ങൾ പിന്നെ ഞങ്ങളുടെ മറ്റ് ചങ്ങാതിമാരുടെ പ്രണയവും, പ്രണയലീലകളും കണ്ട് അവർക്ക് വേണ്ട സെക്യുരിറ്റിയും നൽകി ഞങ്ങളുടെ ബിരുദ വിദ്യാഭ്യാസം അതൃപ്തിയോട് കൂടെയെങ്കിലും പൂർത്തിയാക്കി.
പഠനം കഴിഞ്ഞ് അധികം വൈകാതെ തന്നെ ജോലി സംബന്ധമായി ഞാൻ ബാംഗ്ളൂരിലേക്ക് വണ്ടി കയറി. ഫ്രെണ്ട്സ് എല്ലാം പലവഴിക്ക് പിരിഞ്ഞു. കോണ്ടാക്ട്സ് എപ്പോഴുമുണ്ടായിരുന്നു.

പക്ഷേ, എന്നിലെ പ്രണയാതുരനായ, കാമുകന്റെ മനസ്സ് അപ്പോഴും എന്നെ വിട്ടുപോയിരുന്നില്ല. അത് എനിക്ക് മനസ്സിലാക്കി തന്നത് കഴിഞ്ഞ വ്യഴാഴ്ച, ഒരാഴ്ച മുൻപ്, അവൾ എന്റെ മുന്നിലേക്ക് വന്നപ്പോഴായിരുന്നു.
സത്യം പറയാല്ലോ എന്റെ ശ്വാസം ഒരു രണ്ടു മിനിറ്റു നേരത്തേക്ക് നിലച്ചു പോയി. മരിച്ചു പോയേനെ. പക്ഷേ, ഭാഗ്യമെന്നു പറയട്ടേ അതു സംഭവിച്ചില്ല അതിനു മുൻപേ ഞാൻ എന്റെ കൈ നെഞ്ചത്ത് അമർത്തി വെച്ച് ജീവൻ തിരിച്ചു പിടിച്ചു. (ഗൗതം മേനോന്റെ സിനിമകളിലെ നായകന്മാർ ചെയ്യാറുള്ളത് പോലെ..എന്തിനാണ് നായകൻ നായികയെ കാണുമ്പോൾ ഞെഞ്ചത്ത്    
കൈ വെച്ചു ശ്വാസം ആഞ്ഞു വെലിക്കുന്നതെന്നു എനിക്കപ്പോഴാണ് മനസ്സിലായത്‌) ). ശ്വാസം നിന്ന് പോകും ഇത് പോലൊരു പെണ്‍കുട്ടിയെ കാണുകയാണെങ്കിൽ. സുന്ദരി, ചെറിയ മുഖം,ചുകന്നു തുടുത്ത നിറം,നീളമുള്ളതല്ലെങ്കിലും നല്ല ഒതുങ്ങിയ കറുത്ത തലമുടി. എല്ലാം കൊണ്ടും ഞാൻ മനസ്സിൽ കരുതിയ സൗന്ദര്യം.
എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് മനസ്സിലായില്ല. അവൾ എന്നെ കടന്നു പോയി ഏകദേശം 10 മിനുട്ട് കഴിഞ്ഞിട്ടുണ്ടാകും. ഓഫിസിലെ ജോലി കഴിഞ്ഞ് കമ്പനിക്ക് പുറത്തിറങ്ങിയപ്പോഴാണ് ഞാൻ അവളെ കണ്ടത്. സമയം 5.40 pm.
ഈ സംഭവം ഞാൻ എന്റെ ചങ്ങാതിയോട്‌ പറഞ്ഞു, അവന്റെ പേര് മൂർത്തി..ഗുരു മൂർത്തി, പഴയ സുഹൃത്തല്ല ബാംഗ്ളൂരിലെ പുതിയ ചങ്ങാതി, അവൻ പെണ്ണിന്റെ കാര്യത്തിൽ അഗ്രഗണ്യനാണ്. ഒരു പെണ്ണിനെ കണ്ടാൽ അവൾ ഏതു തരത്തിലുള്ള പെണ്ണാണെന്ന് അവനു പെട്ടെന്ന് മനസ്സിലാകും, അനുഭവജ്ഞാനമാണെന്ന്  കരുതിക്കോ.
" ഞാൻ അവളെ ഒന്ന് കാണട്ടെ എന്നിട്ട് പറയാം...എല്ലാം. പോരെ? "
അവൻ ഒരു ജ്ഞാനിയെപ്പോലെ പറഞ്ഞു .
" മതി " ഞാനും തല കുലുക്കി.
അന്ന് രാത്രി എനിക്കുറങ്ങാൻ പറ്റിയില്ല. അവളുടെ മുഖം എന്റെ മനസ്സിൽ 70 mm കളറിൽ തിളങ്ങി നില്ക്കയാണ്...
കിടക്കാൻ പറ്റുന്നില്ല ക്ളോക്കിൽ നോക്കിയും, വരാന്തയുടെയും മുറിയുടെയും അളവെടുത്തും, അനാവശ്യമായി വെള്ളം കുടിച്ച്  വയറ് നിറച്ചും ഞാൻ ആ രാത്രി തള്ളി നീക്കി.

പിറ്റേന്ന് നേരം പുലർന്നു.
നേരത്തെ തന്നെ കുളിച്ചു, ഡ്രസ്സ്‌ മാറി,ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു.
ക്ളോക്ക് നോക്കി ഓഫിസിൽ പോകാൻ  നേരം ആയിട്ടില്ല, ഇനിയും മണിക്കൂറുകൾ ബാക്കി.
ഞാൻ എന്നെ തന്നെ മനസ്സിലാവാതെ കണ്ണാടിയിൽ നോക്കി സമയം കളഞ്ഞു.

പോകാൻ നേരം മൂർത്തിയെ ഒറക്കത്തിൽ നിന്നും വിളിച്ച് വൈകിട്ടേത്തെ കാര്യം ഓർമിപ്പിച്ചു. അവന് ലീവ് ആണ്, ഷിഫ്റ്റ് ഓഫ്.
ഓഫിസിലെത്തി. സമയം പോകുന്നില്ല. ജോലിയിൽ ശ്രദ്ധിക്കാൻ പറ്റുന്നില്ല. പെട്ടെന്ന് അഞ്ചര ആവാനെന്താ വഴി..ആലോചിച്ചു. ഒരു വഴിയുമില്ല..സെക്കന്റുകളും മിനുടുട്കളും ഓടിയെത്തിയെ പറ്റുള്ളൂ. ഇങ്ങനെ ഓരോന്നുമാലോചിച്ച് സമയത്തെ തള്ളി നീക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു.
അവസാനം വൈകുന്നേരമായി, അഞ്ചേ കാലിന് ഞാൻ ഓഫിസിൽ നിന്നുമിറങ്ങി. മൊബൈൽ എടുത്ത് മൂർത്തിയെ വിളിച്ചു. അവൻ വന്നു കൊണ്ടിരിക്കുകയാണെന്ന് മറുപടി ലഭിച്ചു. പിന്നെ നഖവും കടിച്ച് ഞാൻ കാത്തിരിപ്പായി...ആ സുന്ദരിയെ...പിന്നെ മൂർത്തിയെയും.
മൂർത്തി വന്നു ചേർന്നു.
" എന്തായി...അവളു പോയോ..? " മൂർത്തിയുടെ ആകാംക്ഷ
" ഇല്ല..വരാൻ പോകുന്നേയുള്ളൂ.. "
" ഭാഗ്യം അപ്പൊ ഞാൻ ലേറ്റ് ആയില്ല...! " മൂർത്തി ചിരിച്ചു കൊണ്ട് പറഞ്ഞു
" ഇല്ല.. "ഞാനും ചിരിച്ചു. എന്റെ ആ ചിരിയിൽ നാണം കലർന്നിരുന്നൊ...സംശയമുണ്ട്‌.
ഞാൻ മൊബൈലെടുത്ത് സമയം നോക്കി. അഞ്ചര .
' ഇല്ല വരാറാവുന്നതെയുള്ളൂ ' എന്റെ മനസ്സു പറഞ്ഞു.
ഞാൻ മൂർത്തിയെ നോക്കി. അവൻ മതിലും ചാരി നില്ക്കുക്കയാണ്. ഒരു പൂവാലന്റെ എല്ലാവിധ ഭാവവും അവനുണ്ടെന്നു എനിക്കപ്പോൾ തോന്നി. എനിക്കും അതെ ഭാവമാണോ അറിയില്ല. എന്ത് കൊണ്ടോ മതില് ചാരിനില്ക്കാൻ ഞാൻ ശ്രമിച്ചില്ല.
വീണ്ടും ഞാൻ മൊബൈലിൽ നോക്കി 5.33.
സെക്കന്റുകൾ മിനുടുകളെക്കാൾ സാവധാനത്തിലാണ് ഓടുന്നതെന്ന് തോന്നി. മനസംഘർഷത്താൽ ഞാൻ അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ തുടങ്ങി.
ജോലി കഴിഞ്ഞ് മടങ്ങുന്നവർ റോഡിലൂടെ പോയ്ക്കൊണ്ടിരിന്നു. കൂടുതലും സ്ത്രീകളാണ്. അടുത്ത്
ഗാർമെന്റ്സ് കമ്പനി പ്രവർത്തിക്കുന്നുണ്ട്. അവിടെ നിന്ന് വരുന്നവരായിരിക്കണം. മൂർത്തി അവരെയും ശ്രദ്ധിച്ച് നില്ക്കുകയാണ്.
എന്റെ ക്ഷമ നശിക്കാൻ തുടങ്ങി. മൊബൈലെടുത്ത് വീണ്ടും സമയം നോക്കി 5.45. ഇല്ല അവൾ വരുന്നത് കാണുന്നില്ല.
" എവിടെടാ അവൾ..നിന്റെ ചുന്ദരി...?"
മൂർത്തിക്കും ക്ഷമ നശിക്കാൻ തുടങ്ങിയിരിക്കുന്നു.
" എടാ ഒരു അഞ്ച് മിനുട്ട് കൂടെ നോക്കാം.."
പ്രതീക്ഷയാണ് വാക്കിൽ മുഴുവൻ
5.55 ആയി. ഇല്ല അവൾ വരുന്നില്ല. ഇനിയിപ്പം വേറെ വല്ല വഴിയിലൂടെയെങ്ങാനം അവൾ പോയി കാണുമോ? അല്ലെങ്കിൽ ഇന്നവൾ പോയിട്ടുണ്ടാവില്ലേ? അവളെന്താണ് ചെയ്യുന്നത്, പഠിക്കയാണോ, അതല്ല വല്ല ജോലിയുമാണോ? ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾ എന്റെ മനസ്സിൽ ഉയർന്നു കൊണ്ടിരുന്നു.
മൊബൈലെടുത്ത് നോക്കി 6.00 മണി. ഇനിയിവിടെ നില്ക്കുന്നത് കൊണ്ട് പ്രയോജനമൊന്നുമില്ല, എനിക്ക് തോന്നി. ഞാൻ മൂർത്തിയേം കൂട്ടി നടക്കാനൊരുങ്ങി.  അവസാന പ്രതീക്ഷയെന്നോണം അവൾ വന്നിരുന്ന വഴിയിലേക്ക് ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി.
എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. അവളതാ..,എന്റെ സുന്ദരി..,മന്ദം മന്ദം നടന്നു വരുന്നു. (നിങ്ങൾ, പ്രിയ വായനക്കാർ, കരുതും ഈ കൊതിപ്പിക്കൽ തന്നെയാണല്ലോ പല പ്രണയ കഥകളിലും കണ്ടിരിക്കുന്നതെന്ന്. ശരിയാ എനിക്കും അങ്ങനെ തന്നെ തോന്നിയിട്ടുണ്ട്. പക്ഷേ, ഈ പ്രണയം എന്ന് പറയുന്ന കല സൃഷ്ടിച്ചിരിക്കുന്നത് തന്നെ ഇത്തരം ചില സസ്പെന്സുകളിലൂടെയാണ് എന്നറിയുമ്പോഴാണ്..ശരിക്കും നമിച്ചു പോകുന്നത്..ഇത് മനസ്സിലുള്ളത് കൊണ്ടുതന്നെയാണ് അവസാന നിമിഷം ഞാൻ തിരിഞ്ഞു നോക്കിയതും). മൂർത്തിക്ക് ഞാൻ അവളെ കാണിച്ചു കൊടുത്തു. മറ്റ്, യാത്രക്കാരായ, സ്ത്രീകളുടെ ഇടയിൽ നിന്നും അവളെ കണ്ടുപിടിക്കാൻ മൂർത്തിക്ക് തീരെ ബുദ്ധിമുട്ടേണ്ടി വന്നില്ല.
" എന്റളിയാ.. ഇത് സംഭവം തന്നെയാണ് കേട്ടാ? "
മൂർത്തിക്ക് തന്റെ ആശ്ചര്യം അടക്കാൻ കഴിഞ്ഞില്ല.
ഞാൻ തികച്ചും, പ്രേമം മൂത്ത് തൊണ്ട വരണ്ട് അവളെയും നോക്കി നിന്നു.
" ടാ..അളിയാ ചോദിക്കെടാ..ചോദിക്ക്...ഇത് കിട്വാ.."
മൂർത്തി എൻറെ പുറത്ത് തള്ളി.
" എന്ത് ചോദിക്കാനാടാ.." ഞാൻ പൊട്ടനെ പോലെ മൂർത്തിയെ നോക്കി
" നിൻറെ ഇഷ്ടം പറ..എന്നിട്ട് അവളോട് ഇഷ്ടാണോന്ന് ചോദിക്ക് "
സത്യം പറയാല്ലോ അങ്ങനെയൊരു സംഭവത്തെക്കുറിച്ച് ഞാൻ അപ്പോഴാണ് ആലോചിക്കുന്നത്. അതിനു ഞാൻ പ്രിപയ്ർ ആയിരുന്നില്ല താനും.
" ഇഷ്ടം പറയാംന്നു വെച്ചാൽ..അവളേത് ഭാഷയാണെന്ന് കരുതീട്ടാ. "
ഞാൻ ഒഴിവ് പറഞ്ഞു.
" പറഞ്ഞാലല്ലേ ഏതു ഭാഷയാന്നു മനസ്സിലാവൂ "
അത് ശരിയാ ഞാൻ മനസ്സിൽ കരുതി.
അതിനിടയൽ അവൾ ഞങ്ങൾക്ക് മുന്നിലൂടെ കടന്നു പോയി.
" ദാ..അവള് പോയി " മൂർത്തി അക്ഷമയോടെ പറഞ്ഞു 
" മൂർത്തീ...ഇന്നെന്തായാലും പറയാൻ വയ്യ...നമ്മുക്ക് തല്ക്കാലം അവളുടെ വീടെവിടാന്നു നോക്കാം വാ..."

ദേഷ്യത്തോടാണെങ്കിലും മൂർത്തി എൻറെ കൂടെ വന്നു, ഞങ്ങൾ അവളുടെ വീട് കണ്ടെത്തി. പക്ഷെ, നല്ലൊരു അവസരം നഷ്ടമാക്കിയതിന്റെ പേരിൽ അന്ന് രാത്രി എനിക്ക് മൂർത്തിയുടെ വായിൽ നിന്നും നല്ല പോലെ കേൾക്കേണ്ടി വന്നു. പക്ഷേ, സാരമില്ല, അവളുടെ വീട് കണ്ടെത്തിയല്ലോ അതെന്നെ കുറച്ച് സമാധാനം. ശനിയും,ഞായറും ലീവ് ആയതിനാൽ അവളെ കാണാൻ പറ്റില്ല. വീട് കണ്ടെത്തിയത് കൊണ്ട് അതിനു പരിഹാരമായി.
രണ്ടു ദിവസവും ഞാൻ അവളുടെ വീടിനടുത്ത് പോയി. ഒന്നാമത്തെ ദിവസം അവളെ കണ്ടില്ല പക്ഷേ, രണ്ടാമത്തെ ദിവസം കണ്ടു ഞാൻ മാത്രമല്ല, അവൾ എന്നെയും.
ഞാൻ അവളുടെ വീടിനടുത്ത് എത്തിയ സമയത്തു തന്നെ അവളെന്തോ ആവശ്യത്തിനു പുറത്തു വന്നതായിരുന്നു. എന്നെ കണ്ടപാടെ അവൾ വീടിനകത്തേക്ക് കയറിപോയി. 
ഈ രണ്ടു ദിവസങ്ങളിലും എനിക്ക് ശരിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ഓരോ ദിവസവും രാവിലെ അവളെ കാണണമെന്ന മോഹം...ആ ഒരു ആകാംക്ഷയിൽ ശരിക്ക് ഭക്ഷണം പോലും കഴിക്കാൻ പറ്റിയില്ല...പിന്നെയല്ലേ ഉറക്കം.
ഇതൊക്കെ കണ്ടു മൂർത്തി നെടുവീർപ്പിട്ടു കൊണ്ടേയിരുന്നു. അവസാനം അവന്റെ അതിശക്തമായ പ്രേരണയിൽ തിങ്കളാഴ്ച അവളോട്‌ തന്റെ പ്രണയം പറയാമെന്നു ഞാന്‍ ഉറപ്പിച്ചു. ഇല്ലെങ്കിൽ എനിക്ക് വല്ല വട്ടും പിടിക്കുമെന്ന് മൂർത്തി ഭയന്നിരുന്നു. 

തിങ്കളാഴ്ച നല്ല ദിവസം. രാവിലെതന്നെ ആയിക്കോട്ടെ എന്റെ പ്രണയജീവിത്തിന്റെ തിരശീല പൊക്കൽ. ഡയലോഗുകൾ മനസ്സിൽ ഉരുവിട്ട് കൊണ്ട് അവൾക്കുവേണ്ടി ഞാൻ ഏഴര പുലർച്ചക്കുതന്നെ കാത്തിരുന്നു. 
കറക്റ്റ് എട്ടു മണിയാവുമ്പോഴുണ്ട് അവൾ വരുന്നു...എൻറെ സുന്ദരി ....
കൈയ്യിൽ ഒരു ബാഗുണ്ട്...അപ്പോൾ പഠിക്കുകയായിരിക്കും മനസ്സിൽ കരുതി...ഇത്രനാളും ഈ ബാഗ്‌ ശ്രദ്ധിച്ചിരുന്നില്ലേ ഞാൻ ആലോചിച്ചു...ഇല്ല ഇതിനു മുന്പ് ഞാൻ കണ്ടിട്ടില്ല..
ശ്ശെ...അതൊക്കെ പോട്ടെ..ഇപ്പോഴതാണോ വിഷയം...
ഞാൻ ഡയലോഗുകൾ മനസ്സിലിട്ടു അരച്ചു..തൈലം രൂപത്തിലാക്കി...അവൾ അടുത്തടുത്ത് വരും തോറും എന്റെ ഹൃദയമിടിപ്പിന്റെ വേഗത വർദ്ധിച്ചു കൊണ്ടിരുന്നു...
ഈശ്വരാ...ചതിക്കല്ലേ..ടെൻഷനാക്കല്ലേ...ഞാൻ നെഞ്ചത്ത്‌ കൈ വെച്ച് ശ്വാസം ഒന്ന് ഉള്ളിലേക്ക് വലിച്ചെടുത്തു....
അവൾ എന്റെ അടുത്തെത്താറായി.റോഡിന്റെ എതിർ വശത്തുകൂടിയാണ് വരുന്നത്. ഞാൻ റോഡ്‌ കടന്ന് അവൾക്ക്  അഭിമുഖമായി കോണോട്‌ കോണ്‍ നിന്നു . അവൾ ഒന്നറച്ചു. എങ്കിലും നടത്തം നിർത്തിയില്ല. എന്റെ വലത് വശത്തുകൂടെ കയറി അവൾ നടത്തം തുടർന്നു. ഞാനും വിട്ടില്ല.
" എക്സ്ക്യുസ്മീ " ശബ്ദം കുറച്ച് മിതമാക്കി.
അവൾ തിരിഞ്ഞു നോക്കി
" can i have a word with you?" അറിയാവുന്ന ഇംഗ്ളീഷിൽ കാച്ചി
സംശയരൂപേണയുള്ള നോട്ടം മാത്രം മറുപടി
" നനിഗെ നിന്നത്ര ഒന്ത് മാറ്റർ മാതാടു ബകു "
ഏതു ഭാഷയാണെന്നറിയില്ലാലോ കന്നടയിലും കാച്ചി
(സത്യം പറയാല്ലോ ഇതിനൊക്കെയുള്ള ധൈര്യം എവിടുന്നു കിട്ടി...എന്നെനിക്കിപ്പൊഴും അറിയില്ല. പ്രണയം മനുഷ്യന്റെ ധൈര്യം കൂട്ടുമോ? ആ.... കൂട്ടുമായിരിക്കും...)
" ഏൻ ബേകു " (എന്താ വേണ്ടത് )
അവളുടെ മുത്തുമണികൾ കിലുങ്ങി.
കന്നട തന്നെ. അപ്പൊ ഞാൻ കുറച്ച് കഷ്ട്ടപെടും. സാരമില്ല കഷ്ടപ്പെട്ടല്ലേ പറ്റൂ. മനസ്സിലുള്ള ഡയലോഗുകൾ കന്നടയിലും ഇംഗ്ളീഷിലുമാക്കി ഞാൻ പറഞ്ഞു തീർത്തു .
word base ആ ഡയലോഗ് എന്തായാലും ഇപ്പൊ പറയാൻ ഞാൻ ഉദ്ധേശിക്കുന്നില്ല. അതിന്റെ ഉള്ളടക്കത്തിൽ ഉൾപ്പെട്ടിരിക്കുന്ന ഭാഗം മലയാള പരിഭാഷയിൽ ഇത്രയുമാണ്.

"എനിക്ക് നിന്റെ പേരറിയില്ല...നാടേതാണെന്നറിയില്ല...നീയെന്താണ് ചെയ്യുന്നതെന്നറിയില്ല...പഠിക്കുകയാണോ...ജോലിയെടുക്കുകയാണോ...അറിയില്ല പക്ഷേ, ഒന്നുമാത്രമറിയാം നിന്നെ കണ്ട അന്നുമുതൽ എന്റെ മനസ്സ് മുഴുവൻ നീയാണ്...നിന്റെ ഈ നിഷ്കളങ്കമായ സുന്ദര മുഖമാണ്...മൂന്ന് ദിവസമായി ഞാൻ ശരിക്കൊന്നുറങ്ങിയിട്ട്..ഭക്ഷണം കഴിച്ചിട്ട്..ജീവതത്തിൽ ഇതുവരെ ഇങ്ങനെയോന്നുണ്ടായിട്ടില്ല...ഇപ്പൊ ഞാൻ ആ ഭാരമോന്നിറക്കി വെച്ചിരിക്കയാണ്...എന്റെ പേര് മനു..മലയാളിയാണ് ...രണ്ടു വർഷമായി ഞാൻ ഈ കമ്പനിയിലാണ് വർക്ക് ചെയ്യുന്നത്...(ഞാൻ കമ്പനി ചൂണ്ടി കാണിച്ചു) അഡ്മിനിസട്രെറ്റ്റീവ് ഓഫിസറായി...എനിക്ക് നീയില്ലാതെ ജീവിക്കാൻ കഴിയില്ല..നിന്റെ മറുപടി എനിക്കു വേണം..ഇത് വെറുമൊരു പൈങ്കിളി പ്രേമത്തിന്റെ ഡയലോഗ് അല്ല...മറുപടി എന്തായാലും എനിക്ക് പ്രശ്നമല്ല...പക്ഷെ സത്യം പറയണം... എന്നെ ഇഷടപെട്ടില്ലെങ്കിൽ അങ്ങനെ അതല്ല വേറെ ആരെങ്കിലുമായി നീ ഇഷ്ടത്തിലാണെങ്കിൽ അങ്ങനെ..എന്തായാലും പ്രശ്നമല്ല പക്ഷേ സത്യം പറയണം.. ഇപ്പൊ പറയണ്ട പിന്നെ പറഞ്ഞാമതി..ഇതാണ് എന്റെ നമ്പർ."
ഞാൻ, നേരത്തേ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന എന്റെ മൊബൈൽ നമ്പർ  എഴുതിയ പേപ്പർ എടുത്ത് അവൾക്കു നീട്ടി.
ആദ്യം ഒന്ന് ശങ്കിച്ചെങ്കിലും..പിന്നെ അവൾ ആ പേപ്പർ വാങ്ങി.
" നിന്റെ ഫോണിൽ നിന്ന് വിളിക്കണമെന്നില്ല...വല്ല കോയിൻ ഫോണിൽ നിന്നും വിളിച്ചാ മതി " ഞാൻ അവളുടെ സംശയം തീർത്തു.
വേറൊരു സംഭവമെന്താണെന്ന് വെച്ചാൽ ഞാൻ ഇത്രയും പറഞ്ഞിട്ടും അവൾ ഒരു വാക്ക് പോലും എന്നോട് മിണ്ടിയില്ല എന്നുള്ളതാണ്. ഞാൻ പറഞ്ഞത് മൊത്തം കേട്ട് ഞാൻ കൊടുത്ത നമ്പരും വാങ്ങി ഒരു വല്ലാത്ത ഭാവത്തിൽ നടന്നു നീങ്ങുകയാണ് ചെയ്തത്. മറുപടി ഞാൻ പ്രതീക്ഷിച്ചിരുന്നില്ല താനും. ( NB: ഫോണ്‍ നമ്പർ എഴുതിയ പേപ്പറിൽ ഞാനെന്റെ fb id കൂടി എഴുതിചേർത്തിരുന്നു. വല്ല ref. ഉം ആവശ്യമായി വന്നാൽ...ഹി ഹി..).

പിന്നെ കാത്തിരിപ്പ്‌ തുടങ്ങി...മറുപടിക്കായുള്ള കാത്തിരിപ്പ്‌..... ചൊവ്വ പോയി ബുധൻ പോയി No Reply വ്യാഴവും കഴിഞ്ഞു...മ്ഹും..കോൾ പോകട്ടെ...കാണാൻ പോലും പറ്റുന്നില്ല...രാവിലെയുമില്ല വൈകുന്നേരവുമില്ല...എന്റെ പ്രതീക്ഷയെല്ലാം പോയി...അവൾ ആ നമ്പർ കീറിക്കളഞ്ഞു കാണും, എന്റെ ശല്ല്യം ഒഴിവാക്കാൻ വേണ്ടി വേറെ വല്ല വഴിയും കണ്ടു പിടിച്ചും കാണും...മനസ്സിൽ കാരണങ്ങൾ കാട്കയറി.

അന്ന് വെള്ളിയാഴ്ചയായിരുന്നു...ഞാൻ തിരക്കിട്ട ചില ജോലികളിൽ മുഴുകിയിരിക്കുകയായിരുന്നു. അപ്പോഴാണ് ആ കോൾ വരുന്നത്. ഞാൻ ഫോണെടുത്ത് നോക്കി. ആരാണെന്നറിയില്ല. ലാൻഡ്‌ നമ്പർ അല്ല മൊബൈൽ നമ്പർ ആണ്.
" ഹലോ " ഞാൻ കോൾ അറ്റൻഡ് ചെയ്തു.
" ഹലോ...i am deepthi "
എന്റെ മനസ്സിൽ ചെറിയൊരു ലഡു പൊട്ടി.
എങ്കിലും ഞാൻ ചോദിച്ചു
" madam.. how can i help you? from where you are calling "
" നാനു..ആവത്തു...നീവു മാത്താടിൽവാ....ബെളിഗെ..." (ഞാൻ... അന്ന്...നിങ്ങൾ സംസാരിച്ചില്ലേ രാവിലേ...? )
അവളുടെ ശബ്ദം വിറയ്ക്കാൻ തുടങ്ങിയിരുന്നു.
" ദീപ്തി...ആ..ഗൊത്തായിത്തു..ഹേളി.." ( ദീപ്തി...ആ.. മനസ്സിലായി...പറയൂ )
എനിക്കാളെ മനസ്സിലായി എന്റെ സുന്ദരിക്കുട്ടി. പക്ഷേ  ടെൻഷൻ കൊണ്ട് എനിക്കൊന്നും ചോദിക്കാനും പറ്റിയില്ല അവളെ പോലെതന്നെ.
കുറച്ചു സമയം അവളൊന്നും മിണ്ടിയില്ല...നിശബ്ധത..
"ഹലോ " ഞാൻ ചോദിച്ചു.
"ഹലോ " മറുപടി.
"ഹേളീ " (പറയൂ) എനിക്കും ടെൻഷൻ കയറാൻ തുടങ്ങി.
"നാനു..നിന്നെ പ്രീതിസ്സുവെ"
"what" അവളെന്താണ് പറഞ്ഞതെന്ന് പെട്ടെന്നെനിക്കു മനസ്സില്ലായില്ല.
"I Love You" പെട്ടെന്ന് പറഞ്ഞു അവൾ ഫോണ്‍ കട്ട് ചെയ്തു.

എന്റെ ആ ഫോണിലൂടെ ഇത്രയും മധുരമായി ഞാൻ കേട്ട മറ്റൊരു ശബ്ദമില്ല...എന്നെ ഇത്രയും സ്ന്തോഷിപ്പിച്ച്ച്ച മറ്റൊരു വാക്ക് ഞാൻ ഇതിനു മുന്പ് കേട്ടിട്ടില്ല...അത്രയും മധുരമായ പ്രണയം ദാ ഇപ്പോഴും അധിമധുരമായി നടന്നു കൊണ്ടിരിക്കുന്നു.

സോറി കേട്ടോ..ഇനി ഞാൻ നിർത്തുകയാണ്..അവൾ വിളിക്കുന്നുണ്ട്...എന്റെ സുന്ദരിക്കുട്ടി..ദീപ്തിക്കുട്ടി...ബൈ.

പിന്നാമ്പുറം: ഒരു ദു:ഖം മാത്രമേയുള്ളൂ. മലയാളത്തിന്റെ മാധുര്യം നിറഞ്ഞ ഒരൊറ്റ പ്രേമലേഖനം പോലും അവളുടെ കയ്യിൽ നിന്നും എനിക്ക് കിട്ടില്ലാല്ലോ എന്നുള്ള ദു:ഖം മാത്രം. ഹി..ഹി ...





Wednesday 28 November 2012

കഥാദാരിദ്രിയത്തിന്‍റെ വിമര്‍ശനങ്ങള്‍ ഇല്ലാതെ ഷോര്‍ട്ട് ഫിലിമുകള്‍


കുറച്ചു കാലം മുന്‍പ് മലയാള സിനിമ ലോകം കേട്ടിരുന്ന വിമര്‍ശനം...കഥാദാരിദ്രിയം..(ഇന്ന് അത് മാഞ്ഞു പോയിരിക്കുന്നു..ദാരിദ്രിയം തീര്‍ന്നത് കൊണ്ടല്ല മറിച് സിനിമ എടുക്കുന്ന രീതിയില്‍ വന്ന മാറ്റങ്ങള്‍ കൊണ്ട് പ്രേക്ഷകര്‍ കഥയെക്കുറിച്ച് മറന്നു പോകുന്നു...അത്ര തന്നെ) ഒരിക്കലും തൊട്ടു തീണ്ടിയിട്ടില്ലാത്ത ഷോര്‍ട്ട് ഫിലിമുകള്‍ അരങ്ങു വാഴുന്ന കാലഘട്ടമാണിത്. കഥാദാരിദ്രിയമില്ലായ്മയ്ക്ക് കാരണം മറ്റൊന്നുമല്ല ഷോര്‍ട്ട് ഫിലിമുകള്‍ക്ക് കഥ ആവശ്യമില്ല എന്നത് തന്നെ. മനുഷ്യന്‍റെ അല്ലെങ്കില്‍ ഒരു സ്ഥലത്തിന്‍റെ സ്വഭാവം, ഒരു സംഭവം അതുമല്ലെങ്കില്‍ ഒരു കാലഘട്ടത്തിന്‍റെ ചിത്രം ഇതുമല്ലെങ്കില്‍ മറ്റ് പലതുമാകാം, അനാവശ്യമായ ലാഗുകള്‍ ഇല്ലാതെ ചെറിയൊരു കാര്യം വളരെ പെട്ടെന്ന് പ്രേക്ഷകന്‍റെ ഉള്ളിലെത്തിക്കാന്‍ ഷോര്‍ട്ട് ഫിലിമുകള്‍ക്കു സാധിക്കുന്നു. സിനിമാലോകം സ്വപ്നം കണ്ടുനടക്കുന്ന ചിലരെങ്കിലും തങ്ങളുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്യമാക്കുന്നത് ഷോര്‍ട്ട് ഫിലിമുകള്‍ എടുത്താണ്. entertainment മാത്രമല്ല സമൂഹത്തോടുള്ള മനുഷ്യന്‍റെ കടമകള്‍, സഹജീവികളോടുള്ള സ്നേഹം തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ പ്രേക്ഷകനിലേക്കെത്തിക്കാന്‍ ലോകത്തിലെ ഏറ്റവും വലിയ മാധ്യമമായ സിനിമയുടെ കുഞ്ഞന് സാധിക്കുമെങ്കില്‍ അതൊരു ചെറിയ കാര്യമല്ല. 


പിന്നാമ്പുറം: ഞാനും ദാരിദ്രിയത്തിലാണ്...കഥാദാരിദ്രിയത്തില്‍...അതുകൊണ്ട് ഞാനും ഒരു പടം പിടിക്കാന്‍ പോകുന്നു...ഒരു 'ചെറു പടം'
: ബിവിന്‍ രവീന്ദ്രന്‍